എട്ടുമാസം ഗർഭിണിയായ യുവതിയെ കഴുത്തുഞെരിച്ചു കൊന്ന് എസ്റ്റേറ്റിലെ കുളത്തില്‍ കെട്ടിത്താഴ്ത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും.
തെളിവ് നശിപ്പിച്ച കുറ്റത്തിന് മൂന്നുവർഷം കഠിനതടവ് കൂടി അനുഭവിക്കണം. കട്ടപ്പന കടമാകുഴി സ്വദേശിയും ഏലത്തോട്ടം സൂപ്പർവൈസറുമായ മാത്യു ദേവസ്യ എന്ന തങ്കച്ചനെ (63) ആണ് തൊടുപുഴ പ്രിൻസിപ്പല്‍ സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴത്തുക കൊല്ലപ്പെട്ട അമ്പിളിയുടെ മാതാവിന് നല്‍കാനും കോടതി നിർദേശിച്ചു.
2012 ജനുവരി മൂന്നിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സൂപ്പർവൈസറായ മാത്യുവുമായി പ്രണയത്തിലായ അമ്പിളി ഗർഭിണിയായതോടെയാണ് ദാരുണമായ സംഭവങ്ങളുടെ തുടക്കം. കുടുംബജീവിതം തകരുമെന്ന ഭയത്താല്‍ ദിവസങ്ങള്‍ നീണ്ട പ്ലാനിംഗിനൊടുവില്‍ മാത്യു അമ്പിളിയെ പാമ്പാടുംപാറയിലെ കാപ്പിത്തോട്ടത്തിലേക്ക് വിളിച്ചുവരുത്തി പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം പടുതയില്‍ പൊതിഞ്ഞ് കല്ലുകെട്ടി കുളത്തില്‍ താഴ്ത്തി.
അന്വേഷണം മുറുകിയതിനിടെ പിടിയിലാകുമെന്ന് ഉറപ്പായ മാത്യു വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ആശുപത്രിയില്‍ വെച്ച് ഇയാള്‍ക്ക് നല്‍കിയ കൗണ്‍സലിങ്ങിനിടെ ഡോക്ടറോടാണ് ക്രൂരമായ കൊലപാതക വിവരം തുറന്നുപറഞ്ഞത്. അതേസമയം തന്നെ തോട്ടത്തിലെ കുളത്തില്‍ ദുർഗന്ധം വമിക്കുന്ന രീതിയില്‍ പൊങ്ങിയ പടുതാക്കെട്ടില്‍ നിന്നും അമ്പിളിയുടെയും പൊക്കിള്‍ക്കൊടി അറ്റുപോകാത്ത നവജാതശിശുവിന്റെയും മൃതദേഹം തൊഴിലാളികള്‍ കണ്ടെത്തുകയായിരുന്നു.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല